
ഇടയാറൻമുള : ഇന്നിന്റെ ശില്പികളും നാളെയുടെയും നന്മയുടെയും നായകന്മാരുമായ യുവതയുടെ കർമ്മശേഷി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ നേതാക്കളും പൊതു സമൂഹവും ജാഗരൂകരാകണമെന്ന് വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ ചെയർമാനും രാജ്യാന്തര പരിശീലകനുമായ ജോസ് മാത്യൂസ് ഇടയാറന്മുള പ്രസ്താവിച്ചു. വൈ. എം. സി. എ. നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദാത്തമായ മനസാക്ഷിയും ഉന്നതമായ നീതിബോധവും ഉയർന്ന ധാർമിക ബോധവുമുള്ള യുവതീ യുവാക്കളെ രൂപപ്പെടുത്തുന്നതിൽ ലോക വൈ. എം. സി. എ. പ്രസ്ഥാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടയാറന്മുള വൈ. എം. സി. എ. ഹാളിൽ ചേർന്ന നേതൃശിബിരത്തിൽ കോഴഞ്ചേരി സബ് റീജൻ ജനറൽ കൺവീനർ സാം കെ ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ട്രഷറർ റജി ജോർജ്, ജേക്കബ് മാത്യു ഈട്ടിച്ചുവട്, ഷാജി പൂച്ചേരിൽ, ജോസഫ് ജോർജ്, തോമസ് ഏബ്രഹാം, ഷേർലി സാമൂവേൽ എന്നിവർ നേതൃത്വം നൽകി.










